ന്യൂഡൽഹി: ലോക്സഭ സ്പീക്കർ ഓം ബിർളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭ തള്ളി. ബുധനാഴ്ച ലോക്സഭയിൽ നടന്ന നാടകീയമായ നീക്കങ്ങൾക്കൊടുവിൽ ശബ്ദവോട്ടോടെയാണ് പ്രമേയം തള്ളിയത്. ഇതിനെത്തുടർന്ന് സഭാ നടപടികൾ നാളത്തേക്ക് നീട്ടിവെച്ചു.
ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചില പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. അമിത് ഷാ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളികളുമായി എത്തിയിരുന്നു. ബഹളം തുടരുന്നതിനിടെ, നടപടിക്രമങ്ങൾ നിയന്ത്രിച്ചിരുന്ന ജഗ്ദംബിക പാൽ പ്രമേയം വോട്ടിനിട്ടു.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടർന്നതിനാൽ ഔദ്യോഗികമായ ഡിവിഷൻ വോട്ടിംഗ് നടത്താൻ സാധിച്ചില്ല. തുടർന്നാണ് സഭയുടെ പൊതുവികാരം കണക്കിലെടുത്ത് ശബ്ദവോട്ടോടെ പ്രമേയം തള്ളിയതായി ചെയർ പ്രഖ്യാപിച്ചത്. പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെ അമിത് ഷാ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. സ്പീക്കറെ പുറത്താക്കാൻ പ്രമേയം കൊണ്ടുവരുന്നത് പാർലമെന്ററി ചരിത്രത്തിൽ അസാധാരണമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.